തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ഡോക്ടര്‍. നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന മലയിന്‍കീഴ് സ്വദേശിനി സുമയ്യയുടെ പരാതിയെ തുടര്‍ന്നാണ് ഡോക്ടര്‍ വീഴ്ച സമതിച്ചത്.
ഡോ. രാജീവ് കുമാര്‍ രോഗിയുടെ ബന്ധുവുമായി സംസാരിക്കുന്ന ശബ്ദ രേഖ പുറത്ത് വന്നു. ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് സുമയ്യയുടെ കുടുംബം .
തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ രോഗിയുടെ നെഞ്ചില്‍ 50 സെന്റീമീറ്റര്‍ നീളം വരുന്ന ട്യൂബാണുള്ളത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്യൂബ് കണ്ടെത്തിയത്. 2023 മാര്‍ച്ചില്‍ കാട്ടാക്കട മലയിന്‍കീഴ് സ്വദേശിനി സുമയ്യക്ക് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്. ബന്ധുക്കള്‍ ഡിഎംഒയ്ക്ക് പരാതി നല്കിട്ടുണ്ട്.
ഡോക്ടര്‍ കയ്യൊഴിഞ്ഞ സ്ഥിതിയിലാണെന്ന് സുമയ്യ ആരോപിച്ചു. ട്യൂബ് നീക്കം ചെയ്യാന്‍ കഴിയില്ലന്നാണ് മറ്റ് ഡോക്ടര്‍മാര്‍ രോഗിയുടെ ബന്ധുക്കളെ അറിയിച്ചത്. നടക്കാനുള്ള ബുദ്ധിമുട്ടും ശ്വാസംമുട്ടലും ഉണ്ടാകാറുണ്ടെന്നും രോഗി പറയുന്നു.


