കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്കി കെഎസ്യു. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ കെ.എസ്.യു ജില്ല അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരാണ് പരാതി നല്‍കിയത്.
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിനു ശേഷവും ഒഡിഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമടക്കം സുരേഷ് ഗോപി പ്രതികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കുറച്ചുദിവസങ്ങളായി തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലും സുരേഷ് ഗോപിക്ക് പരിപാടികളൊന്നുമില്ലെന്നും ഗോകുല്‍ പറയുന്നു.
ഇ-മെയില്‍ വഴിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തിരോധാനത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
‘തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി എം.പിയെ കഴിഞ്ഞ ഛത്തീസ്ഗഢ് വ്യാജ മനുഷ്യക്കടത്ത് ആരോപണത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളെ ഛത്തീസ്ഗഢ് ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത നടപടിക്കുശേഷം തൃശൂര്‍ മണ്ഡലത്തില്‍ എവിടെയും കാണാന്‍ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാല്‍ സുരേഷ് ഗോപിയുടെ തിരോധാനത്തിനു പിന്നില്‍ ആരാണെന്നും അദ്ദേഹം എവിടെ ആണെന്നും കണ്ടെത്തണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു’ -പരാതിയില്‍ പറയുന്നു.
അതേസമയം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നാണ് ആരോപണം. സുരേഷ് ഗോപിയുടെ സഹോദരന് ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കിയിരുന്നു.


