ഇസ്രാഈല്‍ ഗസ്സയിലെ സൈനിക ആക്രമണം അവസാനിപ്പിക്കുകയും സഹായ നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തില്ലെങ്കില്‍ യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്കി.
‘ഗസ്സയിലെ ഇസ്രാഈലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. ഗസ്സയിലെ മനുഷ്യരുടെ കഷ്ടപ്പാടുകളുടെ തോത് അസഹനീയമാണ്,’ രാജ്യങ്ങളുടെ നേതാക്കള്‍ – കെയര്‍ സ്റ്റാര്‍മര്‍, ഇമ്മാനുവല്‍ മാക്രോണ്‍, മാര്‍ക്ക് കാര്‍ണി എന്നിവര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
മൂന്ന് മാസത്തോളം നീണ്ട ഉപരോധത്തിന് ശേഷം ഉപരോധിച്ച എന്‍ക്ലേവിലേക്ക് കുറച്ച് ട്രക്കുകള്‍ അനുവദിച്ച നെതന്യാഹുവിന്റെ നീക്കത്തെ മൂന്ന് നേതാക്കളും കഴിഞ്ഞ ദിവസം അപലപിച്ചു, ഇസ്രാഈല്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിക്കുമെന്ന് മുന്നറിയിപ്പ് നല്കി. തിങ്കളാഴ്ച ഏതാനും ട്രക്കുകള്‍ മാത്രമാണ് ഇസ്രാഈല്‍ അനുവദിച്ചത്.
മൂന്ന് രാജ്യങ്ങള്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യം ഇസ്രാഈലിന് മേല്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തുക എന്നതാണെന്ന് യുകെയിലെ പലസ്തീന് അംബാസഡര്‍ ഹുസാം സുംലോട്ട് അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.
‘ചില ആയുധ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യുകെ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് പര്യാപ്തമല്ല. ഇത് പൂര്‍ണ്ണവും സമഗ്രവുമായിരിക്കണം,’ അദ്ദേഹം പറഞ്ഞു.


