ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. കോൺഗ്രസ് നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷമുണ്ടായി. സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവർത്തനസജ്ജമാക്കാത്തത് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് ആഹ്വാനം. മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും സമരം തുടരാനും കെപിസിസി നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസവും തലസ്ഥാന അടക്കം വിവിധ ജില്ലകളിൽ മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.


