സാമൂഹിക സേവനം പിന്നാക്ക വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിന് വേണ്ടിയാകണമെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി. ഡൽഹി ദരിയഗഞ്ചിലെ മുസ്ലിം ലീഗ് ദേശീയ ആസ്ഥാനത്ത് മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആശീർവാദത്തോടെ പ്രവർത്തിക്കുന്ന ലാഡർ ഫൗണ്ടേഷൻ ഇന്ത്യ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളും വിദ്യാഭ്യാസത്തിലും സാമൂഹിക മുന്നേറ്റത്തിലും പിന്നിൽ നിൽക്കുമ്പോൾ, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നമ്മുടെ സമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ദീർഘ വീക്ഷണത്തോടെ ആസൂത്രണം ചെയ്ത് സാമൂഹ്യ മുന്നേറ്റ പദ്ധതികളാക്കി മാറ്റണം. എങ്കിൽ മാത്രമേ അവർക്ക് യഥാർത്ഥ ശക്തി ലഭിക്കൂ. ക്ഷേമത്തിനൊപ്പം സമൂഹങ്ങളെ ശക്തിപ്പെടുത്തി, അവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മവിശ്വാസം നൽകേണ്ടതാണ് കാലത്തിന്റെ ആവശ്യകതയാണെന്നും ഹാരിസ് ബീരാൻ എം.പി. വ്യക്തമാക്കി.
ഇന്ത്യയിലെ നിരവധി പിന്നോക്ക കുഗ്രാമങ്ങൾ ഇന്നും വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിൽ നിന്നും അകന്ന് നിൽക്കുകയാണ്. അവിടെയുള്ള കുട്ടികൾക്കും യുവാക്കൾക്കും നല്ല വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും നൽകുക, അവരുടെ ഭാവിയെ മാറ്റി എഴുതുക- ഇതാണ് ലാഡർ ഫൗണ്ടേഷൻ സ്വീകരിച്ച ദൗത്യം. വിദ്യാഭ്യാസത്തിലൂടെയാണ് സമൂഹങ്ങളെ ഉയർത്തിക്കൊണ്ട് വരാൻ കഴിയുക. വരും തലമുറയെ മാന്യമായ ജീവിതം നയിക്കുന്നവരാക്കി വളർത്തുകയാണ് നമ്മുടെ ലക്ഷ്യം എന്ന് ചടങ്ങിൽ അധ്യക്ഷനായ ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. സെമിനാറിൽ ദേശീയ നേതാക്കളായ ഖുർറം അനീസ് ഉമർ, എം.പി. മുഹമ്മദ് കോയ, ടി.പി. അഷ്റഫലി, ഷിബു മീരാൻ, ആസിഫ് അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു. എം വി സിദ്ദിഖ് മാസ്റ്റർ സ്വാഗതവും ഹമദ് മൂസ നന്ദിയും പറഞ്ഞു.


