മാലേഗാവ് സ്ഫോടനക്കേസില്‍ ഏഴ് പ്രതികളേയും മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതി വെറുതേ വിട്ടത് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി. ബോംബ് പ്രഗ്യാസിങ് ഠാക്കൂറിന്റെ ബൈക്കിലാണ് വച്ചത് എന്നതിനും, മുഖ്യ പ്രതികളിലൊരാളായ കേണല്‍ ശ്രീകാന്ത് പുരോഹിത് ആര്‍ഡിഎക്സ് വാങ്ങിയതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.
ശ്രീകാന്ത് പുരോഹിതിന്റെ വിരലടയാളം ഒരിടത്തുമില്ല. ഗൂഢാലോചനകള്‍ക്ക് യോഗം ചേര്‍ന്നതിനും തെളിവില്ല. അന്വേഷണത്തില്‍ നിരവധി സാങ്കേതികപിഴവുണ്ടെന്നും നാല് ഏജന്‍സികള്‍ അന്വഷിച്ചിട്ടും മതിയായ തെളിവില്ലെന്നും അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.
എല്‍എംഎല്‍ ഫ്രീഡം ബൈക്കില്‍ നിന്നാണ് സ്ഫോടനം ഉണ്ടായത്. എന്നാല്‍ ആ ബൈക്കിന്റെ ഉടമ പ്രഗ്യാസിങ് താക്കൂര്‍ ആണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സ്ഫോടനത്തിനു രണ്ടുവര്‍ഷം മുമ്പ് അവര്‍ സന്യാസിയായിരുന്നു. അതിനാല്‍ ബൈക്ക് അവരുടെ കൈവശമുണ്ടായിരുന്നു എന്ന് കരുതാനാകില്ലെന്ന് കോടതി പറഞ്ഞു.
അതേസമയം പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. യുഎപിഎ, ആയുധ നിയമം, മറ്റ് കുറ്റങ്ങള്‍ എന്നിവയില്‍ നിന്ന് എല്ലാം പ്രതികളെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. 2008 സെപ്റ്റംബര്‍ 29നാണ് മലേഗാവിലെ ബിക്കു ചൗക്കിന് സമീപത്തെ പള്ളിക്കടുത്തായി സ്ഫോടനമുണ്ടായത്. ജനത്തിരക്കേറിയ മേഖലയില്‍ മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
മാലേഗാവ് സ്ഫോടന കേസ് പ്രതികളെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള സേന ആണ് പിടികൂടിയത്. പ്രജ്ഞസിങ്ങിലേക്ക് നയിച്ചത് സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ്. ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും മുസ്ലിംകളോട് പ്രതികാരം ചെയ്യാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ട 11 പേരെയാണ് അറസ്റ്റിലായവരെന്നായിരുന്നു കുറ്റപത്രം.


