പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്മാന് എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന് ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന് വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന് നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.


