തിരുവല്ല: ഗാസയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് വിരാമമിട്ട് ശാശ്വത സമാധാനം ഉറപ്പാക്കണമെന്ന ആവശ്യവുമായി മലങ്കര മാര്‍ത്തോമ്മാ സഭ മുന്നോട്ട് വന്നു. സഭയുടെ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ആഹ്വാനത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളമുള്ള എല്ലാ മാര്‍ത്തോമ്മാ ദേവാലയങ്ങളിലും ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.
ഗാസയിലെ അവസ്ഥകളെ സഭ ശക്തമായി വിമര്‍ശിച്ചു. ”ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിനെതിരെ ആഗോളതലത്തില്‍ ലോകരാജ്യങ്ങള്‍ ശക്തമായ സമ്മര്‍ദ്ദവും പ്രതിഷേധവും ഉയരണമെന്നാണ് സഭയുടെ നിലപാട്,” പ്രസ്താവനയില്‍ പറഞ്ഞു.
അവിടത്തെ മനുഷ്യാവകാശ പ്രതിസന്ധിയും സഭ ഉന്നയിച്ചു. പതിനായിരങ്ങള്‍ പലായനം ചെയ്യുമ്പോഴും, ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളുടെ അഭാവം നിലനില്‍ക്കുമ്പോഴും, ഭക്ഷണസഹായവും ഔഷധസഹായവും എത്തിക്കാന്‍ ശ്രമിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യം സഭ ചൂണ്ടിക്കാട്ടി.
യുഎന്‍ അന്വേഷണ കമ്മീഷനും ഗാസയില്‍ നടക്കുന്ന ആക്രമണങ്ങളെ വംശഹത്യയായി പ്രഖ്യാപിച്ചിരുന്നുവെന്ന കാര്യവും സഭ പരാമര്‍ശിച്ചു. ”പലസ്തീനിലെ ജനതയെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ടുവര്‍ഷമായി തുടരുന്ന ക്രൂരതയ്ക്ക് പൂര്‍ണ ഉത്തരവാദിത്വം ഇസ്രയേല്‍ ഭരണകൂടത്തിനാണ്,” പ്രസ്താവനയില്‍ പറഞ്ഞു.
ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി ലോകസഭകളും സാമൂഹിക സംഘടനകളും ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്നും, സമാധാനം പുലരാനായി എല്ലാവരും തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കണമെന്നും മാര്‍ത്തോമ്മാ സഭയുടെ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.


