ഇസ്രാഈലിന്റെ മിസൈല്‍ നിര്‍മ്മാണ ലൈസന്‍സ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സ്പാനിഷ് പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ്. സ്പാനിഷ് സൈന്യത്തിനും മറൈന്‍ കോര്‍പ്സിനും വേണ്ടിയുള്ള 168 സ്പൈക്ക് എല്‍ആര്‍2 ആന്റി ടാങ്ക് സിസ്റ്റങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള 285 മില്യണ്‍ യൂറോയുടെ കരാര്‍ റദ്ദാക്കിക്കിയതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
2023 ഒക്ടോബര്‍ 3-നാണ് ഇസ്രഈലുമായി സ്പെയിന് കരാറിലെത്തിയത്. ഗസ്സയിലെ ഇസ്രാഈല്‍ യുദ്ധം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. ഇസ്രാഈല്‍ സൈനിക വ്യവസായവുമായി സ്പെയിന് നടത്തിയ മൂന്ന് പ്രധാന കരാറുകളില്‍ ഒന്നാണിത്. ഗസ്സയില്‍ വംശഹത്യ നടത്തുന്ന ഇസ്രഈലുമായി ഒരു തരത്തിലുമുള്ള ബന്ധവും വേണ്ടെന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം എന്ന് സ്പാനിഷ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രതിരോധ മന്ത്രാലയം ഇസ്രാഇല് കമ്പനിയായ റാഫേലിന്റെ ലൈസന്‍സ് പിന്‍വലിച്ചുവെന്ന് സ്പാനിഷ് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രാഈല്‍ കമ്പനിയില്‍ നിന്ന് സാങ്കേതികമായും സുരക്ഷാപരമായും വേര്‍പെടുത്തുന്നതിനുള്ള ഒരു പദ്ധതിയില്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.


