കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകള്‍ കടലിലേക്ക് വീണ സാഹചര്യത്തില്‍ ഇനിയും തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും. എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്കി.
കപ്പല്‍ മുങ്ങിയതിനു സമീപ പ്രദേശങ്ങളില്‍ കടലിനടിയിലുള്ള കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ പോര്‍ബന്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ എന്ന കമ്പനിയാണ് സോണാര്‍ പരിശോധന നടത്തുന്നത്.
അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഉള്‍പ്പെടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ ഹരിതകര്‍മസേന, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ശുചീകരണത്തിനായി രംഗത്തുള്ളത്.
അതേസമയം തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ മണ്ണില്‍ കലര്‍ന്നതു നീക്കം ചെയ്യുക എന്നതാണ് വെല്ലുവിളിയായിട്ടുള്ളത്.
അതേസമയം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിട്ടണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കപ്പല്‍ മറിഞ്ഞതിനേത്തുടര്‍ന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.


