ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെ തകര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ പുകഴ്ത്തി സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ കുറിപ്പിട്ടിരുന്നു. ഇക്കൂട്ടത്തില്‍ പ്രശസ്ത ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറുമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സമൂഹമാധ്യമ കുറിപ്പിനെ കളിയാക്കി ചിലര്‍ രംഗത്തെത്തിയിരുന്നു. അത്തരം കമന്റുകള്‍ക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് താരം ഇപ്പോള്‍.
” വിരാട് കോഹ്ലി സിന്ദാബാദ്, ഞങ്ങള്‍ നിങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു”- എന്നാണ് എക്സില്‍ ജാവേദ് അക്തര്‍ കുറിച്ചത്. ഇതിനുതാഴെ താരത്തെ വര്‍ഗീയമായി അക്രമിക്കുകയും കളിയാക്കുകയുമായിരുന്നു ചിലര്‍.
” ജാവേദ്, ബാബറിന്റെ അച്ഛനാണ് കോഹ്ലി, പറയൂ ജയ്ശ്രീറാം”- എന്നായിരുന്നു ഒരു കമന്റ്. ‘നിങ്ങളെന്തൊരു നികൃഷ്ട വ്യക്തിയാണ്, അത് മാത്രമെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ. രാജ്യ സ്നേഹത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാമെന്നായിരുന്നു’- ഇതിന് താരം നല്കിയ മറുപടി. ഇന്ത്യ ജയച്ചതിന് നിങ്ങളുടെ ഉള്ളില്‍ സങ്കടമാണെന്ന തരത്തിലുള്ള ഒരു കമന്റിനും ജാവേദ് അക്തര്‍ പ്രതികരിച്ചു.
‘ മകനെ, നിന്റെ അച്ഛനും മുത്തച്ഛനും ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു ഞങ്ങള്‍ പോരാടിയിരുന്നത്. എന്റെ സിരകളില്‍ രാജ്യസ്നേഹികളുടെ രക്തമാണ്, നിങ്ങളുടെ സിരകളിലുള്ളത് ബ്രിട്ടീഷ് സേവകരുടെതും. ഇത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്, അത് മറക്കരുത് എന്നായിരുന്നു’- മറുപടി.
അതേസമയം നിരവധി പേരാണ് ജാവേദിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. ഈ കമന്റിനും വന്‍ പിന്തുണ ലഭിച്ചു.


