പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ തന്റെ നാമനിര്‍ദേശം വരണാധികാരി തള്ളിയതില്‍ പ്രതിഷേധവുമായി സാന്ദ്ര തോമസ്. ട്രഷറര്‍, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നത്. നിര്‍മാതാക്കളായ സുരേഷ് കുമാറിന്റെയും സിയാദ് കോക്കറിന്റെയും ഗുണ്ടായിസമാണ് അസോസിയേഷനില്‍ നടക്കുന്നതെന്ന് സാന്ദ്ര പ്രതികരിച്ചു.
പ്രൊഡ്യൂസര്‍ അസോസോയേഷന്‍ അംഗങ്ങള്‍ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സ്വന്തം പേരില്‍ മൂന്ന് സിനിമകള്‍ സെന്‍സര്‍ ചെയ്യപ്പെടണമെന്ന നിബന്ധന സാന്ദ്ര പാലിച്ചില്ല എന്നായിരുന്നു അസോസിയേഷന് വരണാധികാരി സാന്ദ്രയുടെ പത്രിക തള്ളാന്‍ കാരണമായി പറഞ്ഞത്. എന്നാല്‍ തന്റെ പേരില്‍ ഒമ്പതോളം സിനിമകള്‍ സെന്‍സര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും വ്യത്യസ്ത ബാനര്‍ ആണെന്ന ന്യായം പറഞ്ഞ് മനഃപൂര്‍വം ഒഴിവാക്കിയതെന്നുമാണ് സാന്ദ്രയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടതി വഴി മുന്നോട്ട് നീങ്ങുമെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു.


