പാലക്കാട്ടിലെ ഒരു നാട്ടിൻപുറത്തേ തറവാട്ടിൽ പൂജ നടക്കുന്നു. കുടുബാംഗങ്ങൾ ഒത്തുകൂടിയ ആ വേളയിൽ സംഭവിക്കുന്ന അസാധാരണമായ ചില കാര്യങ്ങൾ ഹാസ്യത്തിന്റെയും പ്രണയത്തിന്റെയും മേമ്പൊടിയിൽ ത്രില്ലിംഗ് എലമെന്റുകളോടെ പറയുന്ന ഒരു ഫാമിലി ഡ്രാമ ചിത്രമാണ് “പറന്ന് പറന്ന് പറന്ന് ചെല്ലാൻ “.
ശ്രീജ ദാസ്, ലുക്മാൻ, സുധി കോപ്പ എന്നിവർ അഭിനയിച്ച നോ മാൻസ് ലാൻഡ് (No Man‘s land) എന്ന ചിത്രത്തിന്റെ സംവിധായകൻ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന “ പറന്ന് പറന്ന് പറന്ന് ചെല്ലാൻ ”എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്.
സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പറന്ന് പറന്ന്, ഒരു പട്ടം പോലെ സ്വാതന്ത്രത്തിന്റെ വാനിലുയരാൻ കഴിയാതെ പോകുന്ന ആഗ്രഹങ്ങൾ അപഹരിക്കപ്പെട്ട ഒരുപറ്റം മനുഷ്യരുടെ കഥയെ കുടുംബ പശ്ചാത്താലത്തിൽ പറയാൻ ശ്രമിക്കുകയാണ് സംവിധായകൻ ഇതിലൂടെ.
ഭ്രമയുഗം, സൂക്ഷ്മദർശിനി എന്നീ രണ്ടു വിജയ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് ഭരതൻ, രേഖാചിത്രത്തിന് ശേഷം ഉണ്ണി ലാലു, വിജയരാഘവൻ, എന്നിവരോടൊപ്പം സജിൻ ചെറുകയിൽ, സമൃദ്ധി താര,ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി, രാധ ഗോമതി , തങ്കം മോഹൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.


