വിവാഹ സത്കാര ചടങ്ങുകളില്‍നിന്നു പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കിക്കൂടേയെന്ന് ഹൈക്കോടതിയുടെ ചോദ്യം. പകരം ചില്ലു കുപ്പികള്‍ ഉപയോഗിക്കാമല്ലോ എന്നും കോടതി നിര്‍ദേശിച്ചു. ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ പ്രകൃതിയെ നശിപ്പിക്കുന്നുണ്ടെന്നും പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യന് തോമസ്, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ചോദിച്ചു.
നൂറിലധികം പേര് പങ്കെടുക്കുന്ന പരിപാടിയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിനു തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് ആവശ്യമുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സല്‍ക്കാര ചടങ്ങുകളില്‍ അരലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിനു നിരോധനമുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി പറഞ്ഞു. മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലുണ്ടെന്നും അവര്‍ വ്യക്തമാക്കി.
മാലിന്യ നിക്ഷേപത്തിന്റെ പേരില്‍ കോടതി റെയില്‍വേയെ വിമര്‍ശിച്ചു. ട്രാക്കുകള്‍ മാലിന്യ മുക്തമായി സൂക്ഷിക്കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ടെന്നും ട്രാക്കുകളിലെ മാലിന്യം പൂര്‍ണ്ണമായും നീക്കണമെന്നും റെയില്‍വേക്ക് കോടതി നിര്‍ദ്ദേശം നല്കി.


