കൊച്ചി പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ കൊല്ലം തീരത്തടിഞ്ഞതിനാല്‍ നീക്കം ചെയ്യുമെന്ന് കപ്പല്‍ കമ്പനി അറിയിച്ചു. കമ്പനി നിയോഗിച്ച ഏഴ് റസ്ക്യൂ ടീമുകള്‍ കൊല്ലത്ത് എത്തും. എന്‍ ഡി ആര് എഫ് സംഘം കൊല്ലത്തെത്തി കണ്ടെയ്നറുകള്‍ തീരത്തോട് ചേര്‍ന്ന സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. കടല്‍ മാര്‍ഗം കൊല്ലം തുറമുഖത്ത് എത്തിക്കാനാണ് ആലോചനയെന്ന കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചു. റസ്ക്യു ടീമിന് ജില്ലാ ദുരന്താ നിവാരണ അതോറിറ്റി സഹായം ഉറപ്പാക്കും.
24-ാം തീയതി രാത്രിയാണ് കൊല്ലം ചെറിയഴീക്കല്‍ തീരത്ത് ഒരു കണ്ടെയ്നര്‍ അടിഞ്ഞത്. കണ്ടെയ്നറില്‍ നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെ സക്ഷം കപ്പല്‍ പുറങ്കടലിലുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചിരുന്നു. കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റര്‍ അകലെ വെച്ച് നിര്‍ത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.


