രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് നടന് ഷൈന്‍ ടോം ചാക്കോ പൊലീസിനോട് മൊഴി നല്‍കിയതോടെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനാണ് നീക്കം. രാസ ലഹരിയും നിരോധിത ലഹരിയും ഉപയോഗിക്കില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്കി. എന്നാല്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് വൈദ്യപരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ പിന്നിട്ടു.
ഡാന്‍സാഫ് പരിശോധനയിക്കിടെ ഷൈന്‍ ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലില്‍ വന്നത് ഗുണ്ടകളെന്ന് കരുതി പേടിച്ചാണ് താന്‍ ഹോട്ടലില്‍ നിന്ന് ഓടിയതെന്ന് നടന് മൊഴി നല്കി. പൊലീസാണ് വന്നെതെന്ന് അറിയില്ലായിരുന്നുവെന്നും ഉടന്‍ തമിഴ്നാട്ടിലേക്ക് പോയിരുന്നുവെന്നും ഷൈന്‍ മൊഴിയില്‍ പറയുന്നു.
അതേസമയം ഷൈനിന്റെ ഫോണ്‍ പൊലീസ് പരിശോധിക്കുന്നു. വാട്സാപ് സന്ദേശങ്ങളും ഗൂഗിള്‍ പേ ഇടപാടുകളും ആണ് നിലവില്‍ പൊലീസ് പരിശോധിക്കുന്നത്. ഇതില്‍ കുറ്റം തെളിയിക്കും വിധം ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ കേസുടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.


