ജലന്തര്‍: പഞ്ചാബ് ലൗലി പ്രൊഫഷനല്‍ യൂനിവേഴ്സിറ്റിയുടെ സമീപത്തായി നിര്‍മിച്ച ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍ ഇന്ന് രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്യും. സ്നേഹത്തിന്റെയും മത സാഹോദര്യത്തിന്റെയും കാവലാളായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ഒരുക്കിയ സാംസ്കാരിക കേന്ദ്രം നാലുനില കെട്ടിടത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആയിരത്തോളം ആളുകള്‍ക്ക് നിസ്കരിക്കാന്‍ സൗകര്യമുള്ള പള്ളി, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ലൈബ്രറി, സയ്യിദ് ഉമറലി തങ്ങള്‍ സ്മരണയിലൊരുക്കിയ കോണ്‍ഫ്രന്‍സ് ഹാള്‍, ഹോസ്റ്റല്‍, ഗസ്റ്റ് റൂം, മെസ്സ് തുടങ്ങിയ വിപുലമായ സൗകര്യങ്ങളുണ്ട്. സയ്യിദ് മുഹമ്മദലി ശിഹാബ് ഹ്യൂമാനിറ്റേറിയന്‍ (സ്മാഷ്) ഫൗണ്ടേഷന് ട്രസ്റ്റിന് കീഴിലാണ് ശിഹാബ് ത ങ്ങള് കള്‍ചറല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ഉത്തരേന്ത്യന്‍ സ്ഥാനങ്ങളില്‍ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയായിരിക്കും സെന്റര്‍. വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമായി നാല്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ശിഹാബ് തങ്ങളുടെ ജീവിതവും സന്ദേശവും പകരുന്ന രീതിയിലുള്ള വ്യത്യസ്ത പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് സെന്ററിന് കീഴില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ലൗലി പ്രഫഷണല്‍ യൂനിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ. അശോക് കുമാര്‍ മിത്തല്‍ എം.പി മുഖ്യാതിഥിയാകും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് നഈം അലി ശിഹാബ് തങ്ങള്‍, ഇ.ടി മു ഹമ്മദ് ബഷീര്‍ എംപി, പി.വി അബ്ദുല്‍ വഹാബ് എംപി, അഡ്വ.ഹാരിസ് ബീരാന് എം.പി, അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ, ആബിദ് ഹുസൈന് എം.എല്‍.എ, സി.കെ സുബൈര്‍, അഡ്വ.ഫൈസല്‍ ബാബു, പി.കെ ഫിറോസ്, പി.കെ നവാസ്, ടി.പി അഷ്റഫലി, ഷാക്കിര്‍, നവാസ്, അഷറഫ് പെരുമുക്ക് പങ്കെടുക്കും.
വിവിധ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രമുഖരും സംബന്ധിക്കുമെന്ന് സമാഷ് ചെയര്മാന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, വര്‍ക്കിംഗ് സെക്രട്ടറി എം.ടി മുഹമ്മദ് അസം, ട്രസ്റ്റ് മെമ്പര്‍മാരായ അഡ്വ.കെ.പി നാസര്‍, പി.വി അഹമദ് സാജു, ജാസിം, നാസ് തുറക്കല്‍ അറിയിച്ചു.


