താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ സഹപാഠികള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ആറ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി. പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുന്നതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലെന്നും കോടതി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇതിനായി കേസ് ഡയറി ഉള്‍പ്പെടെയുളളവ ഹാജരാക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചു.
എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നിട്ടും പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചതിനെതിരെ പ്രതിഭാഗം അഭിഭാഷകന് കോടതിയെ സമീപിച്ചിരുന്നു.
‘വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണ്. രാജ്യത്തെ ക്രിമിനല്‍ നിയമസംവിധാനം ലക്ഷ്യമിടുന്നത് കുറ്റവാളികളുടെ പരിവര്‍ത്തനമാണ്. ഒരു കുട്ടി കുറ്റകൃത്യം ചെയ്തെന്ന പേരില്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കാനോ പരീക്ഷാഫലം തടഞ്ഞുവയ്ക്കാനോ സാധിക്കുമോ? കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു എന്നതിന്റെ പേരില്‍ പരീക്ഷയെഴുതുന്നത് വിലക്കാന്‍ അധികാരമുണ്ടോ?-കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാകാമെന്ന് വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്കി.
ട്യൂഷന് സെന്ററിലുണ്ടായ തര്‍ക്കമാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന് നഷ്ടമാകാന്‍ ഇടയാക്കിയത്. സംഘര്‍ഷത്തില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.


