പൊലീസ് ഉദ്യോഗസ്ഥന് ലൈംഗികമായി പീഡിപ്പിച്ചുവെന്നും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും മൊഴി നല്കി ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ മാതാവ്. മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്തപ്പോഴായിരുന്നു പൊലീസുകാരന് ലക്ഷങ്ങള്‍ കൈമാറിയതായി യുവതി വെളിപ്പെടുത്തിയത്. ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായും യുവതി ആരോപിച്ചു.
അതേസമയം, യുവതിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൊലീസ് ആരംഭിച്ചു. ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ആരോപണങ്ങളില്‍ കൃത്യത വരൂ. ഇതിന് പുറമേ യുവതിയേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.


