കോഴിക്കോട്: കോഴിക്കോട് അസം സ്വദേശികള്‍ ഉള്‍പ്പെട്ട സെക്സ് റാക്കറ്റ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അസം സ്വദേശി റാക്കി ബുധീന് അന്‍സാരിയാണ് പിടിയിലായത്. അസം സ്വദേശിയായ 17 കാരിയെ കോഴിക്കോട് എത്തിച്ച ശേഷം പീഡിപ്പിച്ചു എന്നതാണ് കേസ്. മുന്‍പും കേസില്‍ രണ്ട് അസം സ്വദേശികള്‍ അറസ്റ്റിലായിരുന്നു.
പെണ്‍കുട്ടിയെ കോഴിക്കോട് കൊണ്ട് വന്നയാളെ ഒറിസയില് പോലീസില്‍ പിടിക്കൂടിയിരുന്നു. 15,000 രൂപ മാസശമ്പളത്തില്‍ ജോലി ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഇയാളെ കുട്ടി പരിചയപ്പെടുന്നത്.
ക്രൂരമായ പീഡനമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്. സ്ഥിരമായി മുറി പൂട്ടിയിട്ടാണ് യുവാവ് പുറത്ത് പോകാറുള്ളത്. ഒരു ദിവസം മൂന്നും നാലും പേര് മുറിയില്‍ എത്താറുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്കി. ഒരിക്കല്‍ മുറി തുറന്ന് ഇയാള്‍ ഫോണില്‍ സംസാരിച്ച് ടെറസിലേക്ക് പോയ സമയത്ത് കുട്ടി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
തന്നെ പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നു എന്നും പതിനേഴുക്കാരി പറഞ്ഞു.
ലോഡ്ജില്‍ നിന്നും രക്ഷപ്പെട്ട കുട്ടി പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. അതു വഴിയാണ് സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനം പോലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.


