ഗസ്സയില്‍ പട്ടിണി രൂക്ഷമാകുന്നതിനിടെ ഇസ്രാഈല്‍ ആക്രമണത്തില്‍ 63 പേര് കൊല്ലപ്പെട്ടു. മധ്യ, വടക്കന്‍ ഗസയുടെ അല്‍-മവാസി, ഡീര്‍ എല്‍-ബലാഹ്, ഗസ സിറ്റി എന്നിവയുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 8 വരെ (07:00-17:00 GMT) സൈനിക പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്ന് ഞായറാഴ്ച ഇസ്രാഈല്‍ സൈന്യം അറിയിച്ചിരുന്നു. രാവിലെ 6 നും രാത്രി 11 നും ഇടയില്‍ ഭക്ഷണ, മെഡിക്കല്‍ വാഹനങ്ങള്‍ക്കായി നിയുക്ത സഹായ ഇടനാഴികള്‍ തുറക്കുമെന്നും പ്രതിജ്ഞയെടുത്തിരുന്നു.
എന്നാല്‍ ആദ്യ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍, ഇസ്രാഈലി വ്യോമാക്രമണം പുനരാരംഭിക്കുകയായിരുന്നു.ഗസയില്‍ ഇസ്രാഈല്‍ വരുത്തിയ മാനുഷിക ദുരന്തത്തിനെതിരെ ആഗോള പ്രതിഷേധം വര്‍ദ്ധിക്കുന്നതിനിടെയാണ് ബോംബാക്രമണം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ആറ് ഫലസ്തീനികള്‍ കൂടി പട്ടിണി മൂലം മരിച്ചതായി ഗസയിലെ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 2023 ഒക്ടോബര്‍ മുതല്‍ പട്ടിണി മരണങ്ങളുടെ എണ്ണം 133 ആയി ഉയര്‍ത്തി.
അതേസമയം ഗസയില്‍ പട്ടിണി നിലനില്ക്കുന്നുവെന്ന കാര്യം ഇസ്രാഈല്‍ നിഷേധിക്കുന്നത് തുടരുകയാണ്.


