ദമ്മാം: തൊഴില്‍ കുടിയേറ്റജീവിതം ആസ്പദമാക്കി പ്രവാസി എഴുത്തുകാരന് ഹഫീസ് കോളക്കോടന്‍ എഴുതിയ പുസ്തകം ‘സീക്കോ തെരുവ്’ നാളെ ദമ്മാമില്‍ പ്രകാശനം ചെയ്യും. ദമ്മാം കെപ് വ കൂട്ടായ്മയാണ് പ്രകാശന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലപ്പുറം കീഴുപറമ്പ് പഞ്ചായത്തിലെ പ്രവാസികളുടെ പ്രാദേശിക കൂട്ടായ്മയാണ് കെപ് വ ദമ്മാം. ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക, കായിക രംഗത്ത് കഴിഞ്ഞ 23 വര്‍ഷമായി സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നിറസാന്നിധ്യമാണ് കെപ് വ. ‘കെപ്വ’ അംഗവും എഴുത്തുകാരനുമായ ഹഫീസ് കോളക്കോടന്റെ പ്രഥമ കൃതിയാണ് സീക്കോ തെരുവ്. ഐപിഎച് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ജിസിസി തല പ്രകാശനമാണ് മെയ് 22 ന് വ്യാഴാഴ്ച ദമ്മാമില്‍ നടക്കുന്നത്.
വൈകിട്ട് എട്ടര മണിക്ക് ദമ്മാമിലെ റോസ് ഗാര്ഡന് ഓഡിറ്റോറിയത്തില്‍ വെച്ച് മലബാരി ഗ്രൂപ്പ് സിഇ ഒ,കെ എം ബഷീര്‍ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. സഫ മെഡിക്കല്‍ ഗ്രൂപ്പ് എംഡി മുഹമ്മദ് കുട്ടി കോഡൂര്‍ ചടങ്ങുകള്‍ ഉത്ഘാടനം ചെയ്യും. ദമ്മാമിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലയിലെ പ്രമുഖരും പങ്കെടുക്കും. പ്രവാസ ജീവിതത്തിന്റെ നേരും നൊമ്പരങ്ങളും വ്യത്യസ്തമായൊരു വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന പുസ്തകത്തിന്റെ രചനാശൈലി മലയാളത്തില്‍ വേറിട്ടൊരു വായനാനുഭവമായിരിക്കുമെന്ന് പ്രകാശനസമിതി അവകാശപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ കെപ് വ ചെയര്മാന് ജൗഹര്‍ കുനിയില്‍, പ്രസിഡന്റ് വഹീദുറഹ്മാന്, സെക്രട്ടറി അനസ്, രക്ഷകധികാരികളായ ലിയാക്കത്തലി, അസ്ലം കോളക്കേടന്, ഷമീം കെഎം എന്നിവര്‍ സംബന്ധിച്ചു.


