ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ് പ്ലെയര്‍ ഓഫ് ദി സീരീസാകുമെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. സഞ്ജു സെഞ്ച്വറികള്‍ കൊണ്ടാണ് നിലവില്‍ ഡീല്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മത്സരത്തില്‍ 20 പന്തില്‍ 26 റണ്‍സാണ് സഞ്ജു നേടിയത്.
‘സഞ്ജു സാംസണ് ഇപ്പോള്‍ സെഞ്ച്വറികള്‍ കൊണ്ടാണ് ഡീല്‍ ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്കാരം അവന് കൊണ്ടുപോകുമെന്നാണ് എനിക്ക് തോന്നുന്നത്,’ പാര്‍ത്ഥിവ് പട്ടേല്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു. പരമ്പരയില്‍ ഇനിയും നാല് മത്സരങ്ങള്‍ ബാക്കിയുണ്ട്.
കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയില്‍ 4 മത്സരത്തില്‍ നിന്നും രണ്ട് സെഞ്ച്വറികളാണ് സഞ്ജു നേടിയത്. അതിന് മുമ്പ് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലും താരം സെഞ്ച്വറി തികച്ചിരുന്നു. സഞ്ജുവിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാപ്പെട്ട നാല് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരെയുള്ളത്. ചാമ്പ്യന്‍സ് ട്രോഫി ടീമിലിടം ലഭിക്കാതിരുന്ന സഞ്ജുവിന് വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായും കളിക്കാന്‍ സാധിച്ചില്ല. ഇതിനിടെ അച്ചടക്കമില്ലായ്മ എന്ന വിവാദവും താരത്തെ തേടിയെത്തി.
ട്വന്റി-20 ക്രിക്കറ്റില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള സഞ്ജു സാംസണിന് ഫോം നിലനിര്‍ത്തിയാല്‍ മാത്രമേ ടീമിലെ സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ സാധിക്കുകയുള്ളൂ. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ നടന്ന ആദ്യ മത്സരത്തില്‍ 20 പന്തില്‍ നിന്നുമാണ് സഞ്ജു 26 റണ്‍സ് നേടിയത്. നാല് ഫോറും ഒറു സിക്സറുമുള്‍പ്പടെ ഇംഗ്ലീഷ് ബൗളര്‍ ഗസ് അറ്റ്കിന്‍സണെതിരെ ഒരോവറില്‍ 22 റണ്‍സ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.


