ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്കുന്നതില് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.


