പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആര്‍എസ്എസിനെ പുകഴ്ത്തിയതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലെന്ന് കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് നേരിട്ട് ഒരു പങ്കും വഹിച്ചിട്ടില്ലെന്നും നിസഹകരണ പ്രസ്ഥാനത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും തുടങ്ങി സ്വാതന്ത്ര്യത്തിനായി ഉണ്ടായ ജനകീയ പ്രതിഷേധങ്ങളില്‍ നിന്നെല്ലാം ആര്‍എസ്എസ് വിട്ടുനില്‍ക്കുകയാണ് ചെയ്തതെന്നും മാണിക്യം ടാഗോര്‍ പറഞ്ഞു.
‘ആര്‍എസ്എസ് സ്ഥാപകനായ കെ ബി ഹെഡ്ഗെവാര്‍ 1925-ന് മുന്‍പ് കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ ആര്‍എസ്എസ് രൂപീകരിച്ചതിനു ശേഷം ബ്രിട്ടീഷുകാരെ നേരിടുന്നതിനല്ല, സാംസ്കാരിക ദേശീയതയിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസിനെ പുകഴ്ത്തിയത് അവരെ പ്രീതിപ്പെടുത്തി തന്റെ വിരമിക്കല്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ്. 2025 സെപ്റ്റംബര്‍ 12-ന് വിരമിക്കുക എന്ന പദ്ധതി തടയുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം’-മാണിക്യം ടാഗോര്‍ പറഞ്ഞു.
‘100 വര്‍ഷം മുമ്പ് ഒരു സംഘടന പിറന്നു – രാഷ്ട്രീയ സ്വയംസേവക് സംഘം! 100 വര്‍ഷമായി മാ ഭാരതിയുടെ ക്ഷേമം ലക്ഷ്യമിട്ട്, ആര്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകര്‍ തങ്ങളുടെ ജീവിതം മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി സമര്‍പ്പിച്ചു, വ്യക്തിയുടെ സൃഷ്ടിയില്‍ നിന്ന് രാഷ്ട്രനിര്‍മ്മാണത്തിന്റെ ഈ പ്രമേയവുമായി ബന്ധപ്പെട്ട്’. ഇന്ത്യയുടെ വികസനത്തിനും പൊതുസേവനത്തിനും പ്രതിജ്ഞാബദ്ധരായ ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒ എന്ന് വിശേഷിപ്പിച്ച മോദി കഴിഞ്ഞ നൂറ്റാണ്ടില്‍ രാഷ്ട്രനിര്‍മ്മാണത്തിലും സാമൂഹിക വികസനത്തിലും ആര്‍എസ്എസിന്റെ പങ്കിനെ പ്രശംസിച്ചു.
ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നരേന്ദ്രമോദി ആര്‍എസ്എസിനെ പുകഴ്ത്തിയത്.


