കൊല്‍ക്കത്ത: ആര്.ജി കര് മെഡിക്കല്‍ കോളജില്‍ ബലാത്സംഗത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബംഗാള്‍ സര്‍ക്കാരിന്റെ അപ്പീലില്‍ കല്‍ക്കട്ട ഹൈകോടതി തിങ്കളാഴ്ച്ച വാദം കേള്‍ക്കും. ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണകോടതി വിധിക്കെതിരെ നല്കിയ അപ്പീലിലാണ് വാദം.
അതേസമയം വിചാരണകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സി.ബി.ഐയും അറിയിച്ചു. സര്‍ക്കാര്‍ നല്കിയ അപ്പീല്‍ നിലനില്‍ക്കില്ലെന്നാണ് സി.ബി.ഐയുടെ നിലപാട്. കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തമാണ് കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു. സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്നും ശിക്ഷാവിധിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന സി.ബി.ഐ വാദം കോടതി തള്ളിക്കളഞ്ഞിരുന്നു. പ്രതിക്ക് മാനസാന്തരപ്പെടാനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയുമാണ് കോടതി വിധിച്ചിരുന്നത്.17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന്റെ പ്രതികരണം.


