രാജ്യത്തെ മതന്യൂനപക്ഷങ്ങൾ നേരിടുന്നത് കടുത്ത പീഡനമാണെന്നും കോടതികൾ നീതി നിഷേധത്തിനെതിരെ ശബ്ദിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കേണ്ടതില്ലെന്ന ധാർഷ്ഠ്യമാണ് ഇന്ത്യയിലെ വർഗീയ, ഫാസിസ്റ്റ് ഭരണകൂടങ്ങളെ നയിക്കുന്നത്. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വ്യക്തമാക്കുന്നത് അതാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ഭരണകൂടങ്ങളിൽ നിന്നും നേരിടുന്നത് കടുത്ത പീഡനങ്ങളാണ്.
അസമിലും യു.പിയിലുമുൾപ്പടെ നടന്നുകൊണ്ടിരിക്കുന്ന ബുൾഡോസർ രാജ്, മതപ്രബോധകരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്യുന്നത്, ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് നേരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന സർക്കാർ സ്പോൺസേർഡ് അക്രമണങ്ങൾ, നീതി നിഷേധങ്ങൾ എന്നിവ ഭരണഘടനക്കു നേരെയുള്ള കടന്നുകയറ്റമായാണ് കാണേണ്ടത്. – തങ്ങൾ പറഞ്ഞു.
ഭരണഘടന വായിക്കുകയോ പഠിക്കുകയോ അതിനെ കുറിച്ച് കേവലമായ അവബോധമോ ഇല്ലാത്തവർ ഭരണം നിയന്ത്രിക്കുന്ന ഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ രാജ്യത്ത് സാധാരണമായിരിക്കുകയാണ്. രാജ്യത്തെ നീതിന്യായ കോടതികൾ ഈ സാഹചര്യത്തിൽ കണ്ണുതുറന്ന് പിടിക്കണം. ഇന്ത്യയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ, പൈതൃകത്തിന്റെ കാവലാളുകളാകാൻ കോടതികൾ നീതി നിഷേധങ്ങൾക്കെതിരെ ശബ്ദിക്കണമെന്നും തങ്ങൾ പറഞ്ഞു.


