സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ മേഘവിസ്ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യതയുണ്ട്. ഇത് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കും. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്കി.
കണ്ണൂര്‍-കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂമാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) തീരങ്ങളില്‍ 3.2 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മറ്റ് കേരള തീരങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.


