ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ചോദ്യം ചെയ്ത തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാക്കളുടെ പരാക്രമം. വേടനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ടാണ് രണ്ട് യുവാക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പരാക്രമം നടത്തിയത്. ഹൈക്കോടതി ജാമ്യം അനുവദിച്ച വേടനെ എന്തിനാണ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവെച്ചിരിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചായിരുന്നു യുവാക്കളുടെ പ്രതിഷേധം.
ഉദ്യോഗസ്ഥര്‍ യുവാക്കളോട് പോകാന്‍ ആവശ്യപ്പെട്ടിട്ടും പരാക്രമം തുടര്‍ന്നതോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ലോക്കപ്പില്‍ ഇടുകയായിരുന്നു. ലോക്കപ്പിലും ഇരുവരും ബഹളം തുടരുകയും ചെയ്തു. യുവാക്കള്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ബലാത്സംഗക്കേസില്‍ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം റാപ്പര്‍ വേടനെ ഇന്നലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കേസിനെ കുറിച്ച് കൂടുതല്‍ പറയാനുണ്ടാന്നും കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ജാമ്യത്തിലിറങ്ങിയ ശേഷം വേടന് പ്രതികരിച്ചിരുന്നു. കേസില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.


