മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര് മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല് വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.
പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.
കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്പാലത്തില് വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.
തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.


