രാഹുല്‍ ഗാന്ധിയുടെ ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. ഇന്‍ഡ്യ സഖ്യ നേതാക്കളടക്കം പതിനായിരങ്ങള്‍ അംബേദ്കര്‍ പാര്‍ക്കിലെ മഹാറാലിയില്‍ ഇന്ന് അണിനിരക്കും. ‘ഗാന്ധിയില്‍ നിന്ന് അംബേദ്കറിലേക്ക് എന്ന പേരില്‍ മാര്‍ച്ച് നടത്തും. വോട്ട് കൊള്ളക്കെതിരെ ശക്തമായ മുന്നറിപ്പ് നല്‍കിയാണ് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിച്ച യാത്ര അവസാനിക്കുന്നത്.
25 ജില്ലകളിലെ 110 നിയമസഭ മണ്ഡലങ്ങളിലൂടെ കടന്നുപോയ 16 ദിവസം നീണ്ടയാത്രയാണ് ഇന്ന് അവസാനിക്കുന്നത്. യാത്രയിലുടനീളമുണ്ടായിരുന്ന ജനസഗരമാണ് യാത്രയുടെ വിജയമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. രാവിലെ 11 മണിക്ക് മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും ശേഷം, ഗാന്ധിയില്‍ നിന്ന് അംബേദ്കറിലേക്ക് എന്നപേരില്‍ മാര്‍ച്ച് നടത്തി അംബേദ്കര്‍ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തും. ഒരുമണിയോടെയാകും സമാപന സമ്മേളനം നടക്കുക.
വോട്ട് കൊള്ളക്കെതിരായ പ്രതിഷേധം ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്ര വിജയമായതിന് പിന്നാലെ രാജ്യവ്യാപകമാക്കാന്‍ ഇന്‍ഡ്യ സഖ്യം തീരുമാനിച്ചിരുന്നു. ബിഹാറില്‍ പരിഷ്കരിച്ച വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഗ്രാമീണ മേഖലകളെ ഇളക്കിമറിച്ചാണ് വോട്ടര്‍ അധികാര്‍ യാത്ര അവസാനിക്കുന്നത്. യാത്ര വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ മാറ്റം സൃഷ്ടിച്ച് വലിയ വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്.


