തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കനത്ത ആരോപണവുമായി കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ‘ഭരണഘടനയുടെ അടിസ്ഥാനമായ വോട്ടവകാശം തകര്‍ക്കപ്പെട്ടു. ഓരോ ഇന്ത്യക്കാരനും ഒരു വോട്ട് എന്ന അവകാശം ഭരണഘടന ഉറപ്പാക്കിയതാണ്. എന്നാല്‍ ബിജെപി അതിന് മേല്‍ മാന്ത്രികവിദ്യ ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
വോട്ട് മോഷണം നടന്നതായി വിശദീകരിക്കുന്ന പ്രത്യേക പ്രസന്റേഷന് ഉള്‍പ്പെടെ വാര്‍ത്താസമ്മേളനത്തിലൂടെ കാണിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായ അന്തിമ ഫലങ്ങളാണ് കാണാനായത്, പ്രത്യേകിച്ച് ഹരിയാന തെരഞ്ഞെടുപ്പില്‍. കര്‍ണാടകയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയത് പോലും സംശയം ഉയര്‍ത്തുന്നു.
മഹാരാഷ്ട്രയില്‍ മുമ്പത്തെ അഞ്ച് വര്‍ഷത്തേക്കാള്‍ കൂടുതല്‍ പുതിയ വോട്ടര്‍മാരെ അധികം കുറഞ്ഞ സമയത്തിനുള്ളില്‍ പട്ടികയില്‍ ചേര്‍ത്തത് ദുരൂഹമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രോണിക് വോട്ടര്‍ പട്ടികയുടെ ഡാറ്റ ലഭ്യമാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സോഫ്റ്റ് കോപ്പി നല്കാതിരുന്നതിനാല് കടലാസ് രേഖകള്‍ പരിശോധിക്കേണ്ടിവന്നു. സെക്കന്‍ഡുകള്‍ കൊണ്ട് പരിശോധിക്കാവുന്ന രേഖകള്‍ പരിശോധിക്കാന്‍ ആറുമാസമെടുത്തു, എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന്, മഹാരാഷ്ട്രയില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് അപ്രതീക്ഷിതമായി ഉയര്‍ന്നതും, സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാകാതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിയമങ്ങളില്‍ മാറ്റം വരുത്തിയതായും എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 40 ലക്ഷം ദുരൂഹ വോട്ടര്‍മാരെ കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.


