കോട്ടയം: കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസിൽ വിദ്യാർഥികളായ പ്രതികൾക്ക് ജാമ്യം. കോട്ടയം ജില്ല സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. 50 ദിവസത്തിലേറെയായി ജയിലിൽ കിടക്കുന്ന വിദ്യാർഥികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. സാമൂവൽ ജോൺസൺ, എസ്.എൻ. ജീവ, റിജിൽ ജിത്ത്, കെ.പി. രാഹുൽ രാജ്, എൻ.വി. വിവേക് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരെ ഭാരത നിയമ സംഹിതയിലെ 118–ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേർത്താണ് പൊലീസ് കേസ് എടുത്തത്.
ക്രൂരമായ രീതിയിൽ കുറ്റകൃത്യം നടത്തിയ പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തെ തെറ്റായ രീതിയിൽ ബാധിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ പ്രതികൾക്ക് ജാമ്യം അനുവദിക്കാതിരുന്നത്. എന്നാൽ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ അവസാനിച്ചതിനെ പശ്ചാത്തലത്തിലാണ് പ്രതികളായവർക്ക് ജാമ്യം നൽകിയിരിക്കുന്നത്. കുറ്റപത്രം വായിച്ചതിന് ശേഷം വിചാരണനടപടികളിലേക്ക് ഇനി കോടതി കടക്കും.
പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണ്. ഇവരുടെ പക്കല്‍ മാരകായുധങ്ങളുമുണ്ടായിരുന്നു. ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയത് ഇരകളായ വിദ്യാർഥികളില്‍ നിന്നാണ്. റാഗിങ്ങിനെക്കുറിച്ച് പുറത്തുപറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.


