ഇസ്രാഈല്‍ ആക്രമണം തുടരുന്നതിനിടെ ഗസ്സയില്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് ഖത്തര്‍. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റിന്റെ ധനസഹായത്തോടെ ഗസ്സയിലെ ഫാദര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ആശുപത്രയില്‍ പരിക്കേറ്റവരെയും അടിയന്തര പരിചരണം ആവശ്യമുള്ളരെയും ചികിത്സിക്കുന്നതിനായി പ്രഥമ ശുശ്രൂഷ കേന്ദ്രം സ്ഥാപിച്ചു.
നിരവധി രോഗികള്‍ക്ക് ഇവിടെ പരിശോധനാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനും ചികിത്സ നല്‍കുന്നതിനും പ്രത്യേക മെഡിക്കല്‍, നഴ്സിങ് ടീമിന്റെ സേവനം ഉറപ്പാക്കിയിട്ടുമുണ്ട്. ഗസ്സയിലെ ആരോഗ്യ മന്ത്രാലയം നടത്തുന്ന ആശുപത്രികളിലേക്കും മറ്റ് സൗകര്യങ്ങളിലേക്കും ചികിത്സകള്‍ക്ക് വേണ്ടി ചില കേസുകള്‍ റഫര്‍ ചെയ്യുന്നതായും ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് വിശദീകരിച്ചു.
ഏകദേശം 2,538 പരിക്കേറ്റവരെ ചികിത്സിച്ചതായും ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് ഡയറക്ടര്‍ ജനറലും ആശുപത്രിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാനുമായ ഫഹദ് ഹമദ് അല്‍ സുലൈതി പറഞ്ഞു. തങ്ങളുടെ മാനുഷിക പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഫാദര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഹോസ്പിറ്റല്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പ്രോസ്തെറ്റിക്സുമായി സഹകരിച്ച് ഗാസയിലെ ജനതക്ക് പരിചരണം എത്തിക്കുന്നതിന് തുടര്‍ന്നും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.


