ഹൈദരാബാദില്‍ മദ്രസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് 400 വര്‍ഷത്തോളം പഴക്കമുള്ള മസ്ജിദ്-ഇ-ഹുസൈനിക്കുള്ളില് പ്രവര്‍ത്തിക്കുന്ന മദ്രസ നൂമാനിയയ്ക്ക് പുറത്ത് ബാലാപൂരിലെ ഹിന്ദു വലതുപക്ഷ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.
കഴിഞ്ഞ ഏഴ് വര്‍ഷമായി മസ്ജിദ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന മദ്രസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് രാമകൃഷ്ണ റെഡ്ഡിയുടെ നേതൃത്വത്തില്‍ ബാലാപൂര് പൊലീസ് സ്റ്റേഷന് പരിധിയില്‍ സുല്ത്താനപുരിലെ മസ്ജിദിന് സമീപം ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധത്തിന്റെ വീഡിയോയില്‍ പങ്കെടുത്തവര്‍ ഹിന്ദു മുദ്രാവാക്യങ്ങള്‍ ചൊല്ലുന്നതും കൈകൊട്ടുന്നതും ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നതും കാണിച്ചു.
എസിപി ജാനകിറാം റെഡ്ഡി സ്ഥലത്തെത്തി നിയമവിരുദ്ധമായി നടത്തുന്ന മദ്രസയ്ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് അവര്‍ അവകാശപ്പെട്ടു.
മദ്രസ നിയമവിരുദ്ധമാണെന്ന് ബിജെപി വ്യാജമായി അവകാശപ്പെടുകയാണെന്നും പ്രദേശത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നുവെന്നും മദ്രസ ഇന്‍ചാര്‍ജ് അക്ബര്‍ ഖാന് ആരോപിച്ചു.
‘എല്ലാ വിദ്യാര്‍ത്ഥികളും തെലങ്കാനയില്‍ നിന്നുള്ളവരാണ്’ എന്ന് വ്യക്തമാക്കിയ അദ്ദേഹം കഴിഞ്ഞ ആറ് മാസമായി ഈ പ്രശ്നം തുടരുകയാണെന്നും പറഞ്ഞു.
പ്രദേശത്ത് നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമായാണ് ഇത് കാണപ്പെടുന്നതെന്ന് പ്രദേശവാസിയായ മുഹമ്മദ് റിയാസ് പറഞ്ഞു.
മുസ്ലീങ്ങള്‍ക്കെതിരെ ധര്‍ണ നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മജ്ലിസ് ബച്ചാവോ തഹ്രീഖിന്റെ (എംബിടി) വക്താവ് അംജെദ് ഉല്ലാ ഖാന് ബാലാപൂര് പോലീസ് ഇന്‍സ്പെക്ടറെ കണ്ടു.
ഈ നടപടിയെ ഹിന്ദുത്വ വര്‍ഗീയ ഘടകങ്ങളില്‍ ഒന്നായി വിശേഷിപ്പിച്ച അംജെദ് ഉല്ലാ ഖാന് ആരോപിച്ചു, ”ധര്‍ണ നടക്കുമ്പോഴും മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയരുമ്പോഴും ബാലാപൂര് പോലീസ് നിശബ്ദ കാഴ്ചക്കാരായിരുന്നു.”
എന്തുകൊണ്ടാണ് പോലീസ് അവരെ കസ്റ്റഡിയില്‍ എടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.


