നെയ്യാറ്റിന്‍കര പ്രിയംവദ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിനിയായ പ്രിയംവദയെ അയല്‍വാസി വിനോദ് കൊലപ്പെടിത്തിയതിനു ശേഷം മൂന്ന് ദിവസം കട്ടിലിനടിയില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം വരാതിരിക്കാന്‍ ചന്ദനത്തിരിയും കത്തിച്ചുവെച്ചു.
സംശയം തോന്നിയ വിനോദിന്റെ ഭാര്യാമാതാവ് കുട്ടിയെ പറഞ്ഞയച്ച് മുറി പരിശോധിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ വിനോദ് കുട്ടിയെ വിരട്ടിയോടിക്കുകയായിരുന്നു. അതേസമയം കുട്ടി കട്ടിലിനടിയില്‍ കൈ കണ്ടതായി മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ഇവര്‍ മാവുവിള പള്ളിവികാരിയോട് പറഞ്ഞു. തുടര്‍ന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
പ്രിയംവദയെ കാണാനില്ലെന്ന് പറഞ്ഞ് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗിക്കുമ്പോഴാണ് പൊലീസിന് പള്ളിവികാരിയില്‍നിന്ന് ഈ വിവരം ലഭിച്ചത്.
സംഭവസ്ഥലത്തെത്തിയ പൊലീസ് രക്തക്കറയും മുടിയും കണ്ടെത്തി. ഇതോടെ വിനോദിനെ ചോദ്യം ചെയ്യുകയായിരുന്നു.
യുവതിയെ കൊന്ന് കുഴിച്ചിട്ടതായി ഇയാള്‍ സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.


