രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതിയില്‍ കേരളത്തിന്റെ വാദം പൂര്‍ത്തിയായി. ബില്ലുകളില്‍ ഗവര്‍ണര്‍ ഹ്രസ്വ കാലത്തില്‍ തീരുമാനമെടുക്കണമെന്ന് കേരളം വ്യക്തമാക്കി.
ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ നടപടിക്രമങ്ങളുണ്ട്. ഗവര്‍ണര്‍ മാസങ്ങളോളം ദന്തഗോപുരത്തിലിരുന്ന് ബില്ലുകള്‍ പഠിക്കേണ്ടതില്ല. അതുകൊണ്ടാണ് ഗവര്‍ണര്‍ എതിരാളിയായി പരിഗണിക്കപ്പെടുന്നതെന്നുമാണ് മുതിര്‍ന്ന അഭിഭാഷകന് കെ കെ വേണുഗോപാലിന്റെ വാദം.
അപൂര്‍വ്വം അവസരങ്ങളില്‍ മാത്രമാണ് ഗവര്‍ണര്‍ ചോദ്യം ഉന്നയിക്കേണ്ടതും ബില്ലുകള്‍ തടയേണ്ടതും. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഇല്ലാതാക്കുന്നതിലും അംഗീകാരം തടയുന്നതിലും ന്യായീകരണമില്ല. ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി നല്കിയ ശേഷം ബില്ലുകള്‍ തടഞ്ഞുവെയ്ക്കാനാവില്ല. ജനങ്ങളോട് മറുപടി നല്കാന് ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നും കേരളം വാദിച്ചു. ബില്ലുകള്‍ റദ്ദാക്കുമ്പോള്‍ അതിന്റെ കാരണം ഗവര്‍ണര്‍ പറയണം. ഗവര്‍ണര്‍ നിയമനിര്‍മാണസഭയുടെ ഭാഗമാണ്. ഗവര്‍ണര്‍ ശത്രുത മനോഭാവത്തില്‍ അല്ല പ്രവര്‍ത്തിക്കേണ്ടതെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.
രാഷ്ട്രപതിയുടെ റഫറന്‍സില്‍ ഓരോ സംസ്ഥാനങ്ങളുടെയും കേസുകള്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. ഗവര്‍ണറുടെ മുന്‍കാല നടപടിക്രമങ്ങളെക്കുറിച്ചാണ് വിശദീകരിച്ചതെന്ന് കേരളം മറുപടി നല്കി.
രാഷ്ട്രപതിയുടെ റഫറന്‍സില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പഞ്ചാബിന്റെ വാദം കേള്‍ക്കും.


