ബംഗളൂരുവില്‍ ഗര്‍ഭിണിയായ സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ്വെയര് എഞ്ചിനിയര്‍ ആയിരുന്ന ശില്പ പഞ്ചങ്ങ്മാതയാണ്(27) മരിച്ചത്. മുന്‍ എഞ്ചിനിയറും പാനിപൂരി വില്പനക്കാരനുമായ ഭര്‍ത്താവ് പ്രവീണിനെ(38) സദ്ദുഗന്റേപല്യ പൊലീസ് അറസ്റ്റ് ചെയ്തു. ശില്പയുടെ അമ്മ ശാരദ പഞ്ചങ്മാത നല്കിയ ഗാര്‍ഹിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
ടൗണിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പ്രവീണ്‍ ഇറങ്ങിയയുടനാണ് ശില്പ ആത്മഹത്യ ചെയ്തത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ദമ്പതികള്‍ക്ക് ഒന്നര വയസുള്ള മകനുണ്ട്.
150 ഗ്രാം സ്വര്‍ണവും വീട്ടുപകരണങ്ങളും വിവാഹസമയത്ത് നല്‍കിയിരുന്നു. എന്നാല്‍ വിവാഹശേഷവും പ്രവീണും മാതാവ് ശാന്തവ്വയും കൂടുതല്‍ പണം ആവശ്യപ്പെടുകയും പീഡനം തുടരുകയും ചെയ്തുവെന്ന് ശില്പയുടെ കുടുംബം പറഞ്ഞതായി പൊലീസ് രേഖപ്പെടുത്തി. എഞ്ചിനിയര്‍ ആയത് കൊണ്ടായിരുന്നു പ്രവീണുമായുള്ള വിവാഹം കുടുംബം നടത്തിയത്.എന്നാല്‍ വിവാഹ ശേഷം പ്രവീണ്‍ പാനീപൂരി വില്പനയിലേക്ക് തിരിയുകയായിരുന്നു.
ബിസിനസ് ആരംഭിക്കുന്നതിനായി 5 ലക്ഷം ആവശ്യപ്പെടുകയും ലഭിക്കാതെ വന്നപ്പോള്‍ ശില്പയെ ആക്രമിക്കുകയും വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. പണം നല്‍കിയതിന് ശേഷവും പീഡനം തുടര്‍ന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമെന്നായിരുന്നു പ്രവീണും കുടുംബവും ആദ്യം ശില്പയുടെ കുടുംബത്തെ അറിയിച്ചത്. പിന്നീട് ശില്പ ആത്മഹത്യ ചെയ്തതാണെന്ന് മാറ്റിപ്പറഞ്ഞു.പൊലീസ് വരുന്നതിന് മുമ്പ് മൃതദേഹം ബെഡില്‍ കിടത്തിയ നിലയിലായിരുന്നു. ആത്മഹത്യ ചെയ്തതായിരുന്നുവെങ്കില്‍ ഹൃദയാഘാതമാണെന്ന് പറഞ്ഞതെന്തിനാണെന്നും മൃതദേഹം പൊലീസ് വരുന്നതിന് മുമ്പ് മാറ്റിക്കിടത്തിയതെന്തിനാണെന്നും ശില്പയുടെ ബന്ധു സൗമ്യ മാധ്യമങ്ങളോട് ചോദിച്ചു.
സ്ത്രീധന പീഡനത്തിനും അസ്വാഭാവിക മരണത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.


