കോവിഡ് കാലത്തെ പി.പി.ഇ കിറ്റുഇടപാടില്‍ 10.23 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സി.എ.ജി റിപ്പോര്‍ട്ട്. നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആരോഗ്യവകുപ്പില്‍ നടന്ന അഴിമി പുറത്തുകൊണ്ട് വന്നത്. കോവിഡ് സമയത്ത് പി.പി.ഇ കിറ്റുകളും, എന്‍ 95 മാസ്കുകളും, മറ്റ് സമാന സാമഗ്രികളും ഉപകരണങ്ങളും വാങ്ങാന്‍ കെ.എം.എസ്.സി.എല്ലിന് സംസ്ഥാന സര്‍ക്കാര്‍ 2020 മാര്‍ച്ചില്‍ പ്രത്യേക അനുമതി നല്‍കുകയും അടിയന്തിര ആവശ്യങ്ങളുടെയും ലഭ്യതക്കുറവിന്റെയും പശ്ചാത്തലത്തില്‍, ടെന്‍ഡര്‍/ക്വട്ടേഷന്‍ ഔപചാരികതകളില്‍ നിന്നും ഇളവും അനുവദിച്ചിരുന്നു.
അതേസമയം, പിപിഇ കിറ്റിന് പൊതുവിപണിയേക്കാള്‍ 300 ഇരട്ടി പണം നല്കി. 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാന്‍ ഫാര്‍മ കമ്പനിയ്ക്ക് പണം മുന്‍കൂറായി നല്‍കിയെന്നും സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
യൂനിറ്റ് വില ഗണ്യമായി ഉയര്‍ത്തിയ വിതരണക്കാര്‍ 23-33 ദിവസങ്ങള്‍ക്ക് ശേഷം വിതരണം നടത്തിയിട്ടും ഓര്‍ഡറുകള്‍ റദ്ദാക്കാതെ സ്വീകരിക്കുകയും ചെയ്തു. അടിയന്തിരസാഹചര്യത്തിലാണ് ഈ സമ്പാദനം നടത്തിയതെങ്കിലും, സര്‍ക്കാരിന് ലാഭകരമായിരുന്ന പര്‍ച്ചേസ് ഓര്‍ഡറുകള്‍ റദ്ദു ചെയ്തത് ന്യായീകരിക്കത്തക്കതല്ല. അങ്ങനെ വിപണിയില്‍ പുതിയതായി വന്ന വിതരണക്കാരില്‍ നിന്നും ഗണ്യമായ ഉയര്‍ന്ന നിരക്കില്‍ വാങ്ങലുകള്‍ നടത്തിയത് 10.23 കോടിയുടെ അധികച്ചെലവില്‍ കലാശിച്ചു.


