തൃശ്ശൂര്‍ മാളയില്‍ മദ്യപിച്ച് കാര്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇന്നലെ രാത്രിയോടെ മദ്യലഹരിയില്‍ അനുരാജ് കാറുമായി അമിതവേഗത്തില്‍ പോകുന്നതിനിടെ കാര്‍ സ്കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചിരുന്നു. ഇതിന് ശേഷവും ഇയാള്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. പിന്നാലെ മേലടൂരില്‍ വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസില്‍ വിവരം അറിയിച്ചു.
മാള പൊലീസ് അനുരാജിനെ കസ്റ്റഡിയില്‍ എടുത്തു. അനുരാജിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ മാള പൊലീസ് അനുരാജിനെതിരെ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് കേസെടുത്തു അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന് പരുക്കേറ്റിരുന്നു.


