സിപിഎം തൃശൂര്‍ ജില്ല സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് അതിരൂക്ഷ വിമര്‍ശനം. പൊലീസില്‍ ആര്‍എസ്എസ് പിടിമുറുക്കിയെന്ന് ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. പാര്‍ട്ടിക്കോ, സര്‍ക്കാരിനോ പൊലീസില്‍ സ്വാധീനമില്ല. തുടര്‍ച്ചയായി ഉണ്ടായ ചേലക്കരയിലെ സ്ഥാനാര്‍ത്ഥി മാറ്റത്തിലും പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച വീട്ടമ്മമാരുടെ പെന്ഷന് നടപ്പാക്കാത്തതിലും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗത്തിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഉദ്യോഗസ്ഥ അമിതാധികാര പ്രയോഗം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ വിഷയങ്ങളുമായി ചെല്ലാന്‍ ജനപ്രതിനിധികള്‍ക്ക് പോലും കഴിയുന്നില്ല. കരുവന്നൂരിനു ശേഷവും പാഠം പഠിച്ചില്ല എന്നും വിമര്‍ശനമുണ്ട്. ജില്ലയിലെ മറ്റു ചില സഹകരണ ബാങ്കുകളിലും ക്രമക്കേട് നടന്നു. ജില്ലാ കമ്മിറ്റിയുടെ ജാഗ്രത കുറവാണ്. വരുന്ന പരാതികള്‍ പരിഗണിക്കാതെ വെച്ചു താമസിപ്പിക്കുകയായിരുന്നു ജില്ലാ കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചു.
അതേസമയം, സിപിഎം തൃശൂര്‍ ജില്ലാ സമേളനത്തിലെ ചര്‍ച്ച ഇന്നും തുടരും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി, കരുവന്നൂര്‍ തട്ടിപ്പ്, ഏരിയാ തെരഞ്ഞെടുപ്പുകളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിമര്‍ശനം ഉണ്ടായേക്കും. പുതിയ ജില്ലാ സെക്രട്ടറിയെ നാളെ തിരഞ്ഞെടുക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റം ഉണ്ടായേക്കും.


