വാഷിങ്ടണ്‍ ഡി.സിയിലെ റൊണാള്‍ഡ് റീഗന് വിമാനത്താവളത്തിന് സമീപം 64 യാത്രികരുമായി വന്ന വിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് നദിയില്‍ തകര്‍ന്നുവീണു. പൊട്ടൊമാക് നദിയിലാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് (ഇന്ത്യന്‍ സമയം രാവിലെ 7.30) അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.
60 യാത്രക്കാരും നാല് ജീവനക്കാരുമുണ്ടായിരുന്ന വിമാനമാണ് ലാന്‍ഡിങ്ങിനു മുമ്പായി അപകടത്തില്‍പെട്ടത്. യു.എസ് ആര്‍മിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറാണ് വിമാനത്തില്‍ ഇടിച്ചതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം യാത്രക്കാര്‍ക്ക് ജീവാപായം സംഭവിച്ചോയെന്ന വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കന്‍സാസിലെ വിചിറ്റയില്‍ നിന്ന് പുറപ്പെട്ട അമേരിക്കന്‍ എയര്ലൈന്സിന്രെ പി.എസ്.എ വിമാനമാണ് അപകടത്തില്‍പെട്ട് തകര്‍ന്നത്. അതേസമയം ഹെലികോപ്ടറില്‍ മൂന്ന് സൈനികരാണുണ്ടായിരുന്നതെന്ന് സൈന്യം അറിയിച്ചു.
പോടോമാക് നദി തീരത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.


