താമരശ്ശേരിയില്‍ കൊല്ലപ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥി ഷഹബാസിന്റെ വീട് സന്ദര്‍ശിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഉംറ നിര്‍വഹിക്കാനായി പോയതിനാല്‍ ഇത് വരെ വീട്ടില്‍ പോവാന്‍ കഴിഞ്ഞിരുന്നില്ല. പലഹാരങ്ങള്‍ വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിപ്പോയ മകന് ഒരിക്കലും മടങ്ങി വരാത്ത നിലയിലായത് ആ മാതാപിതാക്കള്‍ ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷഹബാസിന്റെ ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തു അദ്ദേഹം.
കരഞ്ഞ് കരഞ്ഞ് ആ ഉമ്മയുടെ കണ്ണുനീര് വറ്റിയിട്ടുണ്ട്. മടങ്ങാനൊരുങ്ങിയപ്പോള്‍ പിതാവ് ഇഖ്ബാല്‍ പറഞ്ഞത് ചെവിയില്‍ മുഴങ്ങുകയാണ്. ‘പ്രതികള്‍ ഒരാളെയും രക്ഷപെടാന്‍ അനുവദിക്കരുത്. എന്റെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയുമാണ് അവര്‍ ഒറ്റയടിക്ക് ഇല്ലാതാക്കിയത്. ഇനി ഒരു കുടുംബത്തിനും ഈ ഗതി ഉണ്ടാവരുത്. നിങ്ങളൊക്കെ വേണ്ടത് ചെയ്യണ’മെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.
ആ ഉപ്പക്കും ഉമ്മക്കും നീതി കിട്ടണം. പ്രായം പറഞ്ഞും കുട്ടികളല്ലേ എന്ന് ചോദിച്ചും ഇതിനെ ലഘൂകരിക്കരുത്. ക്രൈം ചെയ്താല്‍ അവര്‍ ക്രിമിനലുകള്‍ തന്നെയാണ്. അവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുക തന്നെ വേണം. നീതിക്കായി പൊരുതുന്ന ആ കുടുംബത്തോടൊപ്പം അതിനായി നിലയുറപ്പിക്കും. ഇന്ന് രാത്രി സംഘടിപ്പിക്കുന്ന നൈറ്റ് അലര്‍ട്ടില്‍ സംസ്ഥാന വ്യാപകമായി ഈ വിഷയവും ഉന്നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


