മത വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ പിണറായി വിജയൻ ആർ.എസ്.എസിന്റെ അനുമതി വേണമെന്ന് പരിഹസിച്ച് കെ.പി.സി.സി. വക്താവ് സന്ദീപ് വാര്യർ. രണ്ടുപേർക്കും കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ.
സി.പി.എമ്മിനും ആർ.എസ്.എസിനും കോൺഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ്. രണ്ടുപേരുടെയും പൊതുശത്രു കോൺഗ്രസാണ്. ജനം ടി.വിയിൽ വന്ന് മുസ്ലിംകളെ മതതീവ്രവാദികളെന്ന് വിളിക്കുകയും പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു പി.സി. ജോർജ്. പൊലീസ് സ്വമേധയാ കേസെടുക്കാൻ തയാറായില്ല.
ഒടുവിൽ പൊതുപ്രവർത്തകർ പലരും നൽകിയ പരാതിയിൽ കേസെടുക്കേണ്ടിവന്നു. പക്ഷേ, പി.സി. ജോർജിനെ പിണറായിയുടെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോൾ ബി.ജെ.പിയുടെ ഭാഗമായ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലും പിണറായി വിജയന് ആർ.എസ്.എസിന്റെ കാര്യാലയത്തിൽനിന്നുള്ള പെർമിഷൻ വേണമെന്നുള്ള അവസ്ഥയാണ് കേരളത്തിൽ സംജാതമായിട്ടുള്ളത് -സന്ദീപ് വാര്യർ പറഞ്ഞു.
ഈ സംസ്ഥാനത്ത് വൃത്തികെട്ട രീതിയിൽ വർഗീയ പ്രചരണം നടത്തിയ കേസിലെ പ്രതിയായ പി.സി. ജോർജിന് ഹൈകോടതി ജാമ്യം നിഷേധിച്ചിട്ട് പോലും സംസ്ഥാന സർക്കാർ അയാളെ അറസ്റ്റ് ചെയ്യുന്നതിൽ വിമുഖത കാണിക്കുന്നു. ഇതുകൊണ്ടാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വ്യത്യാസമില്ലെന്ന് പറയുന്നത് -സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.


