തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീജയുടെ ദാരുണമായ മരണത്തില്‍ സി.പി.എമ്മും സര്‍ക്കാരും പ്രതിക്കൂട്ടില്‍. ശ്രീജയുടെ മരണത്തിന് ഉത്തരവാദി സി.പി.എമ്മാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച് ജനങ്ങളുടെ വിശ്വാസം നേടി മുന്നേറിയ ജനപ്രതിനിധിയെ ഇല്ലാതാക്കാനാണ് സി.പി.എം പദ്ധതി പ്രകാരം കള്ളപ്രചരണവും അപവാദ പ്രചരണവും നടത്തി അവരെ തേജോവധം ചെയ്തത്.
സോഷ്യല്‍ മീഡിയ വഴിയുള്ള അപകീര്‍ത്തി പ്രചരണങ്ങള്‍, തുടര്‍ന്ന് ആര്യനാട് ജംഗ്ഷനില്‍ സി.പി.എം പൊതുയോഗ വേദിയില്‍ നടത്തിയ ഹീനമായ വ്യക്തിവധ പ്രസംഗങ്ങള്‍ ഇതെല്ലാം ചേര്‍ന്നാണ് ശ്രീജയുടെ ജീവന് നഷ്ടപ്പെട്ടത്. സ്ത്രീ സംരക്ഷകരെന്ന് കപടമായി അവകാശപ്പെടുന്ന സി.പി.എം നേതാക്കളാണ്, ഒരു സ്ത്രീ ജനപ്രതിനിധിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. സംഭവത്തിന് പിന്നിലെ സി.പി.എം നേതാക്കളെയും പ്രവര്‍ത്തകരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്യനാട് പഞ്ചായത്തംഗം ശ്രീജയുടെ മരണം സി.പി.എം സ്പോണ്‍സേര്‍ഡ് കൊലപാതകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. വാക്കുകള്‍ കൊണ്ട് ആരെയും കൊലപ്പെടുത്തുന്ന സി.പി.എം ശൈലിയാണ് ശ്രീജയുടെയും ജീവനെടുത്തത്. നവീന്‍ ബാബുവിന്റെ ദാരുണ മരണത്തിന് ശേഷവും കേരളത്തിലെ സി.പി.എം നേതാക്കള്‍ മനുഷ്യജീവന് വിലകല്‍പ്പിക്കാനോ പാഠം പഠിക്കാനോ തയ്യാറാകുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആര്യനാട്ടെ സി.പി.എം നേതൃത്വവും പഞ്ചായത്ത് പ്രസിഡന്റുമാണ് ശ്രീജക്കുണ്ടായിരുന്ന കടബാധ്യതകളെ പരസ്യമായി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തത്. അതിലുള്ള മനോവിഷമമാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. ശ്രീജയ്ക്ക് കടബാധ്യതകള്‍ ഉണ്ടെങ്കില്‍ അത് പിരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് മെമ്പര്മാര്ക്കുമുണ്ടോ? സി.പി.എം ഏരിയ സെക്രട്ടറി ഈ വട്ടിപ്പണം പിരിക്കുന്ന പണി ഏറ്റെടുത്തിട്ടുണ്ടോ? ഇതില്‍ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.


