കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവിന് തിങ്കളാഴ്ച മുതല്‍ അനുമതി നല്‍കുമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഉപാധികളോടെയാണ് അനുമതി അനുവദിക്കുക. അനുമതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കാം. ദേശീയപാത അതോറിറ്റിയുടെയും കരാര്‍ കമ്പനിയുടെയും നിരന്തരമായ ആവശ്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ചാലും കേസ് അവസാനിപ്പിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ജില്ലാ കളക്ടര്‍ അധ്യക്ഷനായ ഇടക്കാല ഗതാഗത മാനേജ്മെന്റ് കമ്മിറ്റി പരിശോധന തുടരുമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാല്‍ ഗതാഗതക്കുരുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ആറിന് കോടതി ആദ്യം ടോള്‍ പിരിവ് ഒരുമാസത്തേക്ക് തടഞ്ഞിരുന്നു. തുടര്‍ന്ന് കാലാവധി നീട്ടുകയും ചെയ്തു. ഈ ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും, സുപ്രീംകോടതി ഹൈക്കോടതിയുടെ ഉത്തരവ് നിലനിര്‍ത്തി.


