പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി കൃഷ്ണന് ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എസ്ഒപി പ്രകാരം പ്രത്യേക സമിതി രൂപീകരിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എസ്ഒപി പ്രകാരമുള്ള മറ്റ് നടപടി ക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികള്‍ എടുത്ത് വരികയാണ്.
കൂട് വെച്ചോ മയക്കുവെടി വെച്ചോ കടുവയെ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചു കൊല്ലാനാണ് ഉത്തരവ്. അതേസമയം ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ എസ്ഒപി കര്‍ശനമായി പാലിച്ചാകണം നടപടികള്‍ എന്നും നിര്‍ദേശമുണ്ട്.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി. കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.


