പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ തിരിച്ചടിച്ചതിലൂടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രാജ്യം നീതി ഉറപ്പാക്കിയെന്ന് കേണല്‍ സോഫിയ ഖുറേഷി. ഓപ്പറേഷന് സിന്ദൂറിലൂടെ 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. സാധാരണക്കാരുടെ ജീവന് അപകടമുണ്ടാകാത്ത രീതിയിലായിരുന്നു ആക്രമണമെന്നും സോഫിയ ഖുറേഷി പറഞ്ഞു.
രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന് സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഏപ്രില്‍ ഏഴാം തീയതി പുലര്‍ച്ചെ ഒരു മണിയോടുകൂടി ഓപ്പറേഷന് സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ മറുപടി നല്‍കിയെന്ന് കേണല്‍ പറഞ്ഞു.
സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ സൈനിക മേധാവിമാര്‍ സൈനിക നീക്കം വിശദീകരിക്കുന്നത്. സാറ്റലൈറ്റ് മാപ്പിങ്ങിലൂടെ ഇന്ത്യന്‍ നീക്കങ്ങളും സൈന്യം വിശദീകരിച്ചു.
ജമ്മു കശ്മീരിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമായിരുന്നു പഹല്‍ഗാം ഭീകരാക്രമണമെന്നും ഓപ്പറേഷന് സിന്ദൂര്‍ പഹല്‍ഗാമിനുള്ള ശക്തമായ സന്ദേശമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.


