ആലപ്പുഴ ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍. മണ്ണഞ്ചേരി പൊലീസാണ് ജെസി മോളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കസറ്റഡിയിലെടുക്കുകയായിരുന്നു. ജെസി മോളെയും ഭര്‍ത്താവ് ജോസിനെയും വിശദമായി ചോദ്യം ചെയ്യും.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും കൊലപാതകം മറച്ചുവെച്ചെന്നും ചൂണ്ടിക്കാട്ടിയാണഅ ജെസിമോള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന് (29) കൊല്ലപ്പെട്ടത്.
ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം കരുതിയത്. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി. ജാസ്മിന് പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പിതാവ് പറഞ്ഞു.
ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു. ജാസ്മിനെ പിതാവ് കഴുത്ത് ഞെരിച്ച് ഉപദ്രവിച്ചതോടെ അബോധാവസ്ഥയിലെത്തിയ യുവതിയെ വീണ്ടും കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ ജോസ്മോന് പൊലീസിനോട് പങ്കുവെച്ചത്.
അതേസമയം വീട്ടുകാര്‍ക്ക് വിവരമറിയാമായിരുന്നിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചു. പിറ്റേ ദിവസമാണ് വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുന്നത്.


