കൊച്ചി തീരത്ത് പുറംകടലില്‍ മുങ്ങിയ എംഎസ്എസി എല്‍സ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍. 48 മണിക്കൂറിനുള്ളില്‍ എണ്ണച്ചോര്‍ച്ച നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കമ്പനിക്ക് നോട്ടീസ് നല്കി. അതിനിടെ കപ്പലിലെ ആദ്യ ഇന്ധന ചോര്‍ച്ച അടച്ചു.
കപ്പല്‍ കമ്പനിക്കെതിരെ കേസിനില്ലെന്നും നഷ്ട പരിഹാരം മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്.
എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പലാണ് കൊച്ചി തീരത്തിനു സമീപം മുങ്ങിയത്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ മെയ് 25നാണ് മുങ്ങിയത്. കപ്പലില്‍ നിന്നും കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ, തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്. അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകള്‍ കടലില്‍ വീണിരുന്നു.
കപ്പല്‍ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്ത് ഈ അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട് പുറംകടലില്‍ കപ്പലിന് തീപിടിച്ച സംഭവത്തിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിലപാട് കടുപ്പിച്ചു. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്‍ എത്തിക്കണമെന്ന് വാന്‍ ഹായ് കമ്പനിക്ക് കേന്ദ്രം നിര്‍ദേശം നല്കി. സാല്‍വേജ് നടപടിക്രമങ്ങള്‍ വൈകിച്ചാല്‍ ക്രിമിനല്‍ നടപടിയുണ്ടാകുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഷിപ്പിങ് കമ്പനി ഗുരുതര വീഴ്ച വരുത്തി. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ല. നിലവിലെ സാല്‍വേജ് കപ്പലില്‍ മതിയായ സംവിധാനമില്ലെന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി.
കൊച്ചി തീരത്തെ അപകടം നടന്ന് പതിനാല് ദിവസങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഒന്‍പതാം തീയതിയായിരുന്നു കോഴിക്കോട് പുറംകടലില്‍ സിംഗപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 അപകടത്തില്‍പ്പെട്ടത്. കൊളംബിയയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ കപ്പലില്‍ തീപടരുകയായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന 18 പേര് തീപടര്‍ന്ന ഉടന്‍ കപ്പലില്‍ നിന്ന് കടലിലേയ്ക്ക് ചാടി രക്ഷപ്പെട്ടു.


